ശനിയാഴ്ചവരെ അമേരിക്കയായിരുന്നു ഇറാനില്‍ (യുദ്ധം നടത്താന്‍). ഞായറാഴ്ച ഇറാന് അമേരിക്കയില്‍ എത്തി (ഫിഫ ലോകകപ്പ് പോരാട്ടത്തിന്). അതെ, ലോകം കാത്തിരിക്കുന്ന, അമേരിക്കന്‍ മണ്ണിലെ ഇറാന് ഫുട്ബോള്‍ ടീമിന്റെ മത്സരം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 6.30ന് കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍.
ന്യൂസിലന്‍ഡാണ് എതിരാളികള്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മേന്പൊടിയുള്ള പോരാട്ടമാണിത്. ഇറാന് ഫുട്ബോള്‍ ഫെഡറേഷനും മാധ്യമങ്ങള്‍ക്കും ആരാധകര്ക്കുംവരെ വീസയും ടിക്കറ്റും ഇതിനോടകം നിഷേധിച്ചതിന്റെ വാര്‍ത്തകള്‍ ശ്രദ്ധനേടിയിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന് ടീം ബേസ് ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയിരുന്നു. യുദ്ധത്തിനു മുമ്പുതന്നെ ഫിഫ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചതാണ്. ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ മത്സരത്തിന്റെ തലേദിനം അമേരിക്കയില്‍ എത്തുകയും മത്സരം കഴിഞ്ഞ് മെക്സിക്കോയിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇറാന് ടീമിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത പ്രതിഷേധങ്ങള്‍ ഇറാന് ടീമിനെതിരേ കലിഫോര്‍ണിയയില്‍ നടക്കാനിടയുണ്ട്. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഇറാന്റെ ദേശീയ പതാക മൈതാനത്തേക്ക് എത്തിയപ്പോള്‍ ഗാലറിയില്‍ കൂവല്‍ അരങ്ങേറിയിരുന്നു.
ലോകകപ്പില്‍ ഇതുവരെ ഇറാന് നോക്കൗട്ടില്‍ പ്രവേശിച്ചിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇത്തവണ അവര്‍ എത്തുന്നത്. മറുവശത്ത് ലോകകപ്പിലെ ആദ്യ ജയമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.